ഭാഗം 7

എന്‍റെ കണ്ണുകൾ മുഴുവനായി അടയുന്നതിന്‍റെ തൊട്ടുമുമ്പ്, ഭാവാനിചേച്ചിയുടെ പുറകിലായി ഒരു മലാഖയെപോലെ പൂർണമായും തൂവെള്ള നിറത്തിലുള്ള വസ്ത്രവുമണിഞ്ഞുകൊണ്ട് ഓടിവരുന്ന പെണ്‍കുട്ടിക്ക് നന്ദിനിയുടെ ച്ഛായയുണ്ടായിരുന്നു. അത് നന്ദിനിതന്നെയാണോ, അതോ എന്‍റെ തോന്നലോ. കണ്ണുകൾ തിരുമ്മി വീണ്ടും സൂക്ഷിച്ചു നോക്കി.

അപ്പോഴേക്കും ആൾകൂട്ടം ഞങ്ങളുടെ അടുത്തെത്തിക്കഴിഞ്ഞിരുന്നു. അത് നന്ദിനി തന്നെയായിരുന്നു. എനിക്ക് എന്‍റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല. അച്ഛനറിയാതെ ഞാൻ എന്‍റെ കയ്യിൽ നുള്ളി നോക്കി. ഏതാണ് സ്വപ്നം ഏതാണ് യാഥാർത്ഥ്യം. ഇപ്പോൾ ഞാൻ യാഥാർത്ഥ്യത്തിലാണെന്ന് മനസ്സിലാക്കാൻ എനിക്ക് കുറച്ചുസമയം വേണ്ടിവന്നു.
ഓടുമ്പോൾ അവൾ എന്നെ ദയനീയമായി നോക്കുന്നുണ്ടായിരുന്നു. എന്തോ എന്നോടു പറയാനുള്ളതുപോലെ. അവരുടെ പുറകെ വന്ന ഭാസ്കരൻ ചേട്ടനെ അച്ഛൻ തടഞ്ഞുനിർത്തി ചോദിച്ചു.

“എന്തുപറ്റി ഭാസ്കരാ?”

“അത് രാമേട്ടാ, കുറച്ച് അലമ്പ് പിള്ളേരുവന്ന് ദാമോദരേട്ടന്‍റെ ചായക്കടയിൽ വന്നു പ്രശ്നങ്ങളുണ്ടാക്കി. വരുത്തന്മാരാ, അതിലൊരെണ്ണം നമ്മടെ ഹസൻകുട്ടീടെ പയ്യനാ മുജീബ്. അവരുകേറി ഒന്നും രണ്ടും പറഞ്ഞ് ദാമോദരേട്ടനയങ്ങു തല്ലി.”
അത് പറഞ്ഞ് ഭാസ്കരേട്ടൻ വേഗത്തിൽ ചായക്കടയിലേക്ക് കയറിപോയി.

അച്ഛൻ എന്താണെന്നറിയാൻ ചായക്കടയുടെ നേർക്ക്‌ നീങ്ങി. ഞാനിപ്പോഴും എന്തൊക്കെയാണ് സംഭവിക്കുന്നത്‌ എന്ന് മനസ്സിലാകാതെ ഒരു യന്ത്രത്തെ പോലെ അച്ഛന്‍റെ പുറകെ നടന്നു.

അച്ഛൻ ഉള്ളിലേക്ക് കയറിപോയപ്പോൾ ഞാൻ കടയുടെ ഒരു വശത്ത് ഒതുങ്ങി നിന്നു, ഉള്ളിൽ കയറി അന്വേഷിക്കാനുള്ള ഒരു അവസ്ഥയിലായിരുന്നില്ല ഞാൻ.

പെട്ടന്ന് ഒരു കൈ വന്നെന്നെ പുറകിലേക്ക് വലിച്ചു, ഞാൻ തിരിഞ്ഞു നോക്കിയപ്പോ അത് നന്ദിനിയായിരുന്നു. ഇതുവരെ എന്നോട് സംസാരിക്കാത്ത നന്ദിനിയെങ്ങനെ എന്‍റെ കയ്യിൽ കയറി പിടിച്ചു. ഞാൻ പകച്ചു നിൽക്കുന്നത്‌ കണ്ട് നന്ദിനി പറഞ്ഞു.

“അച്ഛന് ഒന്നും പറ്റിയിട്ടില്ല, ആളുകൾ ഞങ്ങളെ ശരിക്കും പേടിപ്പിച്ചു. ഞാൻ നേർത്തെ പറഞ്ഞതുപോലെ ഇന്ന് കാർത്തികക്ക് അമ്പലത്തിൽ വിളക്കുവെക്കലിന് കാണാം”

എന്‍റെ മറുപടിയൊന്നും കേൾക്കാൻ നിൽക്കാതെ അവൾ വേഗം വീട്ടിലേക്കു നടന്നു പോയി.

അപ്പോൾ ഞാൻ ഇപ്പൊ അമ്പലത്തിലേക്ക് പോകുന്നത് കാർത്തിക വിളക്കുവെക്കലിനാണ്. അച്ഛൻ കടയുടെ പുറത്തേക്കിറങ്ങിയപ്പോ കൂടെ നടന്നു, അച്ഛൻ കടയിൽ നടന്ന തല്ലിനെകുറിച്ചാണ് നടക്കുമ്പോൾ വിവരിച്ചിരുന്നത്.

എനിക്കതൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അവൾ എന്താവും എന്നോട് പറയുക എന്നായിരുന്നു എന്‍റെ ചിന്തകൾ മുഴുവൻ.

അമ്പലത്തിന്‍റെ അടുത്തെത്തിയപ്പോ സുമേഷും പ്രദീപും അവിടെ പോകുന്നവരെയെല്ലാം വായിനോക്കി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ വേഗം അച്ഛനോട് പറഞ്ഞു “അച്ഛൻ നടന്നോ, ഞാൻ സുമേഷിനോടൊരു കാര്യം പറഞ്ഞ് അമ്പലത്തിലേക്ക് വന്നോളം”.

അകലെ നിന്ന് നന്ദിനി വരുന്നത് കണ്ട് ഞാൻ പതുക്കെ അമ്പലത്തിന്‍റെ തെക്കേ വശത്തുള്ള കുഞ്ഞാലിന്‍റെ ഭാഗത്തേക്ക് നടന്നു. അവളോടു ഞാന്‍ എത്രത്തോളം അടുത്തിടപെഴുകണം എന്നെനിക്കറിയില്ലായിരുന്നു. എങ്ങനെയവളോട് സംസാരിക്കണം എന്നൊക്കെ ആലോചിച്ചു നില്‍ക്കുമ്പോള്‍ അവള്‍ എന്‍റെ അടുത്തുവന്നു. എന്‍റെ മുഖത്തൊരു അപരിചിതന്‍റെ ഭാവം കണ്ട് അവള്‍ ചോദിച്ചു

“എന്തേ സേതു ഇങ്ങനെ നോക്കുന്നേ, അച്ഛനൊന്നും പറ്റിയിട്ടില്ല. അച്ഛൻ തിരിച്ച് വീട്ടിൽ വന്നു.”

അവൾ പറയുന്നത് ഒന്നും ഞാൻ ചെവികൊണ്ടില്ല, എന്‍റെ ശ്രദ്ധ മുഴുവൻ അവളുടെ കൈകളിലേക്കായിരുന്നു. കൈകൾ പുറകിൽ പിടിച്ചിരിക്കുന്നത് കാരണം കയ്യിലെന്താണെന്ന് ശരിക്ക് കാണാൻ കഴിഞ്ഞില്ല.

ഞാൻ പുറകിലേക്ക് സൂക്ഷിച്ച് നോക്കുന്നത് കണ്ടുകൊണ്ടാകണം അവൾ കൈകള്‍ നീട്ടി, കൈയില്‍ മുറുകെ പിടിച്ചിട്ടുള്ള നീല നിറത്തിലുള്ള രണ്ട് പൊട്ടിയ കല്ലുകള്‍ എന്നെ കാണിച്ചു.

എന്ത് ഞാൻ കാണരുതേ എന്നാഗ്രഹിച്ചോ അത് കണ്ടപ്പോൾ, എന്‍റെ കണ്ണുകളിൽ ഇരുട്ടുകയറി, പിന്നെ അവള്‍ പറയുന്നതൊന്നും ഞാന്‍ കേട്ടില്ല.

എന്‍റെ കണ്മുന്നിൽ ഒരു ഭീബത്സമായ ഖടികാരത്തിൽ നിന്നും ഇരുട്ടിലേക്ക് ഓരോരോ അക്കങ്ങൾ ഔഴുകി പോകുന്നത് പോലെ …… പിന്നെ പെൻഡുലം ആടുമ്പോൾ ഉണ്ടാകുന്ന ഒരു മുഴക്കം മാത്രം

“ഡും ഡും …. ഡും ഡും …. ഡും ഡും ….”

***ശുഭം***